2 ശമൂവേൽ 15 : 1 (MOV)
അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
2 ശമൂവേൽ 15 : 2 (MOV)
അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതിൽക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിന്നായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്നു അവൻ പറയുമ്പോൾ
2 ശമൂവേൽ 15 : 3 (MOV)
അബ്ശാലോം അവനോടു: നിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
2 ശമൂവേൽ 15 : 4 (MOV)
ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
2 ശമൂവേൽ 15 : 5 (MOV)
ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
2 ശമൂവേൽ 15 : 6 (MOV)
രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
2 ശമൂവേൽ 15 : 7 (MOV)
നാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.
2 ശമൂവേൽ 15 : 8 (MOV)
യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.
2 ശമൂവേൽ 15 : 9 (MOV)
രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
2 ശമൂവേൽ 15 : 10 (MOV)
എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.
2 ശമൂവേൽ 15 : 11 (MOV)
അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയതു.
2 ശമൂവേൽ 15 : 12 (MOV)
അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
2 ശമൂവേൽ 15 : 13 (MOV)
അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽവന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.
2 ശമൂവേൽ 15 : 14 (MOV)
അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു.
2 ശമൂവേൽ 15 : 15 (MOV)
രാജഭൃത്യന്മാർ രാജാവിനോടു: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു.
2 ശമൂവേൽ 15 : 16 (MOV)
അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
2 ശമൂവേൽ 15 : 17 (MOV)
ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;
2 ശമൂവേൽ 15 : 18 (MOV)
അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ളേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
2 ശമൂവേൽ 15 : 19 (MOV)
രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊൾക;
2 ശമൂവേൽ 15 : 20 (MOV)
നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
2 ശമൂവേൽ 15 : 21 (MOV)
അതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.
2 ശമൂവേൽ 15 : 22 (MOV)
ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.
2 ശമൂവേൽ 15 : 23 (MOV)
ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻ തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.
2 ശമൂവേൽ 15 : 24 (MOV)
സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറി ചെന്നു.
2 ശമൂവേൽ 15 : 25 (MOV)
രാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും.
2 ശമൂവേൽ 15 : 26 (MOV)
അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 15 : 27 (MOV)
രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
2 ശമൂവേൽ 15 : 28 (MOV)
എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.
2 ശമൂവേൽ 15 : 29 (MOV)
അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
2 ശമൂവേൽ 15 : 30 (MOV)
ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
2 ശമൂവേൽ 15 : 31 (MOV)
അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവുകിട്ടിയപ്പോൾ: യഹോവ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
2 ശമൂവേൽ 15 : 32 (MOV)
പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.
2 ശമൂവേൽ 15 : 33 (MOV)
അവനോടു ദാവീദ് പറഞ്ഞതു: നീ എന്നോടു കൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.
2 ശമൂവേൽ 15 : 34 (MOV)
എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടു: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യർത്ഥമാക്കുവാൻ കഴിയും.
2 ശമൂവേൽ 15 : 35 (MOV)
അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയിൽനിന്നു കേൾക്കുന്നവർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
2 ശമൂവേൽ 15 : 36 (MOV)
അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വർത്തമാനം ഒക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ.
2 ശമൂവേൽ 15 : 37 (MOV)
അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37